മാലിന്യ സംസ്കരണം കൃത്യമായി നടപ്പാക്കുന്നതിന്‍റെ അദ്യഘട്ടമായി ബഹു. കേരള ഹൈക്കോടതിയുടെ 19/10/2022 തീയതിയിലെ WC(ഇ) 22750/2018 നമ്പര്‍ ഉത്തരവ് പ്രകാരവും ബഹു. കേരള സര്‍ക്കാരിന്‍റെ 17.03.2023 തീയതിയിലെ സ.ഉ(സാധാ) 639/2023/ഘടഏഉ നമ്പര്‍ ഉത്തരവ് പ്രകാരവും മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശത്തെ എല്ലാ പാതയോരങ്ങളിലേയും പൊതു സ്ഥലങ്ങളിലേയും കൊടിമരങ്ങള്‍, തോരണങ്ങള്‍, ഫ്ളക്സ് ബോര്‍ഡുകള്‍, ഹോര്‍ഡിംഗ്സ് മുതലായവ പൂര്‍ണ്ണമായും നീക്കം ചെയ്ത് 2023 നവംബര്‍ 1 മുതല്‍ നിരോധിച്ച് മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് ഉത്തരവ് ഇറക്കി നടപ്പാക്കി വരുന്നു.

മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്‍റെ ഒന്നും രണ്ടും ഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനും പാതയോരങ്ങളില്‍ നിക്ഷേപിക്കുന്ന മാലിന്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ നിക്കം ചെയ്യുന്നതിനും വൃത്തിയാക്കി പരിപാലിച്ചു വരുന്നതിനും ഗ്രാമപഞ്ചായത്തുകളില്‍ ക്യാഷ്വല്‍ സ്വീപ്പര്‍ ജീവനക്കാര്‍ ഇല്ലാത്തതിനാല്‍ മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്തിന് പാതയോരങ്ങളിലെ മാലിന്യം നീക്കം നാളിതുവരെ സാധിച്ചിരുന്നില്ല. സ്ഥിരമായി ക്യാഷ്വല്‍ സ്വീപ്പര്‍ ജീവനക്കാരെ നിയമിച്ച് കൃത്യമായി മാലിന്യ നീക്കം നടത്തിയാലെ ക്ലീന്‍ -ഗ്രീന്‍ & ഹാപ്പി മൂക്കന്നൂര്‍ യഥാര്‍ത്ഥ്യമാകു എന്നതിന്‍റെ അടിസ്ഥാനത്തില്‍ 10 ജീവനക്കാരെ സ്ഥിരമായി നിയമിച്ച് മാലിന്യ നീക്കം ചെയ്യുന്ന പഞ്ചായത്തായി മൂക്കന്നൂരിനെ മാറ്റാന്‍ സാധിച്ചത് ഭരണസമിതിയെ സംബന്ധിച്ച് അഭിമാന നേട്ടമാണ്. ഇതിനുവേണ്ടി പ്രതിവര്‍ഷം 30 ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് ചെലവഴിക്കേണ്ടതുണ്ട്.

ഗ്രാമവാസികളുടെ മുന്‍പില്‍ വലിയ ലക്ഷ്യമാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി മുന്നോട്ട് വയ്ക്കുന്നത്. ഒന്നോ രണ്ടോ വര്‍ഷത്തെ ചിട്ടയായ പ്രവര്‍ത്തനം കൊണ്ട് മാത്രമേ പൂര്‍ണ്ണമായ ലക്ഷ്യം കൈവരിയ്ക്കാന്‍ കഴിയൂ എന്ന് ബോധ്യമുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിന് സാമ്പത്തിക സഹായം നല്‍കി സഹായിക്കുന്ന ഫെഡറല്‍ ബാങ്കിനേയും സി.എസ്.ആര്‍ ഫണ്ട് വിനിയോഗത്തിന്‍റെ ചുമതല വഹിക്കുന്ന കെ.പി ഹോര്‍മീസ് ഏഡ്യൂക്കേഷന്‍ & ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികളെയും ഗ്രാമപഞ്ചായത്ത് നന്ദിയോടെ ഓര്‍ക്കുന്നു. പൊതുജനങ്ങളുടെ അകമഴിഞ്ഞ പിന്‍തുണയില്ലാതെ ഈ പദ്ധതി പൂര്‍ണ്ണ വിജയത്തില്‍ എത്തിക്കാന്‍ കഴിയില്ല എന്ന് ഭരണസമിതിയ്ക്ക് ബോധ്യമുണ്ട്. മുഴുവന്‍ ഗ്രാമവാസികളും വൃത്തിയും മനോഹരവുമായ ക്ലീന്‍- ഗ്രീന്‍ & ഹാപ്പി മൂക്കന്നൂരിനെ സൃഷ്ടിക്കാന്‍ ഭരണസമിതിയ്ക്കൊപ്പം അണി ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.